Wednesday, July 27, 2016

മുറിവ്


പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു.
"കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....മുറിവ് വേഗം ഉണങ്ങും....."അവൾ പറഞ്ഞു.
ആ വാക്കുകൾ വിശ്വാസമുണ്ടായിട്ടും വിട്ടുകൊടുക്കാൻ ഭാവമില്ലാതെ അവൻ പരിഹസിച്ചു:
"ഓ ഒരു വല്യ ഡോക്ടർ വന്നിരിക്കുന്നു....ഇതിപ്പോ ആർക്കാ അറിയാത്തെ..?"
പരിഭവം ഭാവിച്ചു അവൾ നടന്നു.

അവർക്കിടയിലെ പരിഭവങ്ങൾക്കു ഒരു രാവിനപ്പുറം ആയുസ്സുണ്ടാവാറില്ല.
കളിയും ചിരിയും പിണക്കവും ഇണക്കവും തുടർന്നു...കമ്മ്യൂണിസ്റ്റു പച്ചയ്ക്കു പകരം ഓയിന്മെന്റ് ആണ് ഇപ്പൊ മുറിവുണങ്ങാൻ ഉപയോഗിക്കാറുള്ളത്.
ഓരോ വട്ടവും പിണങ്ങിപോവുന്നതിനിടയിലും അവൾ തിരിഞ്ഞു നോക്കി ഒരു പിൻവിളി പ്രതീക്ഷിച്ചുകൊണ്ട്....പക്ഷെ അത് ഉണ്ടാവാറില്ല...
കാലം കടന്നുപോയി...
.
.
.
ഡ്യൂട്ടി കഴിയാറായപ്പോഴാണ് ലിസ സിസ്റ്റർ ഓടി വന്നത്.
"ഒരു ആക്സിഡന്റ് കേസ് ഉണ്ട്...മാഡം ഒന്ന് അറ്റൻഡ് ചെയ്‌താൽ സ്റ്റിച്ച് ഇടലൊക്കെ ഞങ്ങൾ ആയിക്കൊള്ളാം"അവർ പറഞ്ഞു.
"ഓ അതിനെന്താ മൈനർ കേസ് അല്ലെ...കുഴപ്പമില്ല....."അവൾ പറഞ്ഞു.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന അയാളുടെ അടുത്തേക്ക് അവൾ ചെന്നു.
പ്രാഥമിക അന്വേഷണങ്ങൾക്കും പരിശോധനയ്ക്കും ശേഷം അവകാശമെന്നോണം ആ മുറിവ് സ്റ്റിച്ച് ചെയ്തുകൊടുത്തു.വേദനസംഹാരി കുറിച്ച അയാളുടെ കൂടെയുണ്ടായിരുന്ന ഭാര്യയുടെ കയ്യിൽ കൊടുത്തു.

തിരിഞ്ഞു നടക്കുമ്പോൾ അവൾ ഒരു വിളി കേട്ടു...
"ഉണ്ണിമായേ........"
ഇരുമ്പുകട്ടിലിൽ കിടക്കുന്ന അയാളെയും ശേഷം കയ്യിലുള്ള വാച്ചും നോക്കി അവൾ പറഞ്ഞു:
"സമയം വൈകിപ്പോയി.........."

Sunday, July 3, 2016

ചുവപ്പ്

ചുവപ്പ്:
ഉത്തര കടലാസിലെ ശരികളും
തെറ്റുകളും തരംതിരിച്ചെടുത്ത്
അതില്‍ വീണ കണ്ണീര്‍കൊണ്ട്
പടര്‍ന്ന്, കണ്ണീര്‍ തുടയ്ക്കുവാ-
നെത്തിയ കൈതട്ടി ഇരുഹൃദയ-
ങ്ങളെ ഒന്നു ചേര്‍ക്കുന്ന നിറം!

Monday, January 25, 2016

കപടം!

ചുറ്റിലും പടര്ന്ന ഇരുട്ടിനെ നോക്കി പല്ലിളിച്ചതിനാലാ ണോ നിങ്ങളവനെ തെമ്മാടി കുഴിയിലേക്ക് എറിഞ്ഞത്? അങ്ങനെയെങ്കിൽ ഒന്നറിയുക മർത്ത്യരെ, നിങ്ങളവിടെ എത്തിയതിനു ശേഷം മാത്രമേ അവനവിടെയെത്താൻ അർഹതയുള്ളൂ! വിശുദ്ധ മറിയാതെ സംശയ- കണ്ണുകളോടെ ഉറ്റു നോക്കിയ നിങ്ങളെ ങ്ങനെ പുണ്യാള്ളൻമാരായി? നിങ്ങളുടെതല്ലേ ചോരപുരണ്ട കൈകൾ? കപട സദാചാരത്തിന്റെ ഭൂതകണ്ണാടി വച്ച് നോക്കി നിങ്ങളവനെ തെമ്മടികുഴി- യിലെറിയുക....അവിടെ കിടന്നും അവൻ നിങ്ങളെ നോക്കി പല്ലിളിക്കും,കൊഞ്ഞനം കുത്തും!

Wednesday, September 9, 2015

മുടന്തൻ പല്ലി


മീര: അന്ന്: സുന്ദരി, ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി, നിഷ്കളങ്ക! ഇന്ന്: സുന്ദരി, ചുണ്ടിൽ നിറഞ്ഞ പരിഹാസം, സ്ഥായി ഭാവം രൗദ്രം! ഉമ്മറം: മുത്തശ്ശി ഉമ്മറകോലായിലിരുന്നു നാമം ചൊല്ലുകയായിരുന്നു.മഴ പെയ്തു തോർന്ന ഇറയത്ത്‌, ഇൻകാൻഡസെന്റിന്റെ മഞ്ഞ വെളിച്ചത്തിനു ചുറ്റും പാറി കളിക്കുന്നുണ്ടായിരുന്നു. പലതും ചിറകറ്റു നിലത്ത് വീഴുന്നുമുണ്ടായിരുന്നു. അത് നോക്കിയിരുന്ന മീരയുടെ അടുത്ത് മുത്തശ്ശി പറഞ്ഞു: " ഈയാം പാറ്റകൾക്ക് അല്പായുസ്സാ കുട്ട്യേ..." പെട്ടന്നാണ് ഒരു പല്ലി പള്ളയടിച്ചു താഴെ വീണത് വീഴ്ചയോടെ പല്ലി മുടന്തനായി! എങ്കിലും അത് വീറോടെ പാഞ്ഞ് ഒരു പാറ്റയെ വായക്കിടയിലാക്കി! മൃഗാധിപർക്കു നാളത്തെ പത്രത്തിൽ കൊടുക്കാൻ ഒരു വാർത്തയായി: "മുടന്തൻ പല്ലി പാറ്റയെ പീഡിപ്പിച്ചു കൊന്നു." ഒരു മുഖപ്രസംഗം കൂടിയായാൽ ഉഷാറായി!ഓർത്തപ്പോൾ അവൾക്കു ചിരി വന്നു. നാമം ചൊല്ലൽ അവസാനിപ്പിച്ച് എത്തിയ മുത്തശ്ശി ചോദിച്ചു: "എന്താ കുട്ട്യേ വെറുതെ ഇരുന്നു ചിരിക്കണത്?" "ഓരോന്ന് ആലോചിച്ചിട്ടാ മുത്തശ്ശ്യെ...ഈ കാണുന്ന ഈയാമ്പാറ്റകളെ പോലെയല്ലേ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ?ചിറകു മുളച്ച് പറന്നു തുടങ്ങും മുമ്പേ അത് മുറിഞ്ഞു പോവും, പിന്നെ ഒരു പുഴുവായിട്ടങ്ങനെ ഇഴയും ആരുടെയൊക്കെയോ കാൽച്ചുവട്ടിൽ.....അല്ലെങ്കിൽ ഈ മുടന്തൻ പല്ലി പ്രതിനിധീകരിക്കുന്ന ഒരു വിഭാഗം പുരുഷന് കുറച്ചു നേരത്തേക്കുള്ള ഒരു കളിക്കോപ്പായിട്ടു അവസാനിക്കും......" മീര പറഞ്ഞു നിർത്തി. മുത്തശ്ശി ഒന്നും മനസ്സിലാവാത്ത മട്ടിൽ അവളെ കുറച്ചു നേരം നോക്കി നിന്നു. "ഇങ്ങളിപ്പോഴത്തെ പിള്ളർടെ ഭാഷയൊന്നും നിക്ക് തിരിയില്ല!" "ഇപ്പഴത്തെ ഭാഷയും ലോകവും ഒന്നും മുത്തശ്ശി അറിയാതെ ഇരിക്കുന്നത് തന്നെയാ നല്ലത്" അവൾ ചിരിച്ചു. മുത്തശ്ശി പരിഭവിച്ച് അകത്ത് പോയി. ഉമ്മറത്ത് വച്ച നിലവിളക്ക് കാറ്റിനു അണഞ്ഞു പോയി. മുടന്തൻ പല്ലി തന്റെ അടുത്ത ഇരയെ തേടുകയാണ്!

Wednesday, July 8, 2015

കാല്പാടുകൾ


അന്ന് രാത്രി ഏറെ വൈകിയിരുന്നെങ്കിലും അവൾക്കു ഉറക്കം വന്നില്ല. മനസ്സിൽ മുഴുവൻ അമ്മയായിരുന്നു. ചുവപ്പിന്മേൽ കറുപ്പുകരയുള്ള കോട്ടണ്‍ സാരിയും വട്ടപൊട്ടും നെറ്റിയിൽ ഒരിറ്റു കുങ്കുമവും നിറഞ്ഞ പുഞ്ചിരിയും എല്ലാം കണ്മുന്നിലെന്നപോലെ കാണാമായിരുന്നു. കുളിച്ച്, തലതോർത്താതെ ഇറങ്ങി ഓടുമ്പോൾ പിന്നാലെ വന്ന് വഴക്ക് പറഞ്ഞ്,തലതോർത്തി രാസനാദി പൊടി തിരുമ്മി തന്ന് ആരോടെന്നില്ലാതെ പരിഭവിച്ചു പോവുന്ന അമ്മ!മനപൂർവമോ അല്ലാതെയോ മറന്ന ചോറ്റുംപാത്രവുമായി സ്കൂൾ വരാന്തയിൽ കാത്തു നില്ക്കുന്ന ആ മുഖം...... മഴ കൊണ്ട് നനഞ്ഞ് വിറക് കത്താതെ വരുമ്പോളും തോറ്റുകൊടുക്കാതെ എങ്ങനെയൊക്കെയോ അടുപ്പ് കത്തിച്ച് കൃത്യസമയത്ത് ഭക്ഷണം വിളമ്പാനുള്ള കഴിവ്, ഇതൊക്കെ തന്റെ മാത്രമല്ല, ലോകത്തുള്ള എല്ലാ അമ്മമാരുടെയും കഴിവാണ്......എങ്കിലും അവൾ കണ്ടു വളർന്ന ഉരുക്കുവനിത അവളുടെ അമ്മയാണ്. ജീവിതയാത്രയിൽ സ്വന്തം വഴി തിരഞ്ഞെടുത്തപ്പോൾ പലരും പരിഹസിച്ചു ചിരിച്ചു.അന്ന് ധൈര്യം തന്നിരുന്നത് അമ്മയുടെ വാക്കുകൾ മാത്രമായിരുന്നു. "പെട്ടന്ന് മഴക്കാർ കാണുമ്പോൾ അമ്മ മഴയെ ജയിച്ചു ഉണക്കാനിട്ട തുണികൾ എടുത്തു കൊണ്ടുവരാറില്ലേ? അതിനേക്കാൾ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോപ്പോ ദ്ദ്? അല്ലാ ഇനിയിപ്പോ ഉണ്ടെങ്കിലും,കൂട്ടാനിലിത്തിരി ഉപ്പു കൂടിയാൽ എന്താ ചെയ്യാ...കുറച്ചെണ്ണയങ്ങട്ടു ഒഴിക്കും അതിനു വരെ പരിഹാരമുണ്ട് പിന്നെയല്ലേ.......?" അമ്മ ജീവിതത്തിലെ എല്ലാ സങ്കീർണതകളെയും ഇതുപോലെ ലഘൂകരിച്ചു. അമ്മയുടെ മകൾ ഇന്ന് ലോകമറിയപെടുന്നവാളാണ്. അന്ന് പരിഹാസം നിറഞ്ഞിരുന്ന കണ്ണുകളിലത്രയും ഇന്ന് ബഹുമാനമാണ്. "പെൻസിൽ കാണാണ്ടായ വരെ കരഞ്ഞിരുന്നതാ ഇപ്പൊ വല്യ ആളായീന്നാ വിചാരം.....ഞാനില്ലായിരുന്നെങ്കി കാണായിരുന്നു." അമ്മ കളി പറയുമ്പോൾ കള്ള പിണക്കം കാട്ടി തറുതല പറയുമെങ്കിലും സത്യമതായിരുന്നു! ഓർമ്മകൾ ചില്ല ചേക്കേറി പോകവേ പെട്ടന്ന് മൊബൈൽ എടുത്തു. സമയം രണ്ടു മണി കഴിഞ്ഞിരുന്നു.ഇനിയിപ്പോ വിളിക്കണ്ട, അമ്മ നല്ല ഉറക്കത്തിലാവും. ***** ഫ്ലൈറ്റ് ഇറങ്ങി വീട്ടിലെത്തുമ്പോൾ ഉമ്മറത്തെ കസേരയിൽ അമ്മ ഇല്ലായിരുന്നു. "മോളെ വിളിക്കാൻ തുടങ്ങേരുന്നു.എങ്ങനെയാ അറിഞ്ഞേ?അകത്തുണ്ട്........." വീർപ്പുമുട്ടൽ നിറഞ്ഞ ശബ്ദം, അത് മുഴുവൻ കേൾക്കാൻ മനസ്സ് സമ്മതിച്ചില്ല. ശേഷം: അവളറിയാതെ തന്നെ നിറഞ്ഞൊഴുകിയ കണ്ണുകളുമായി തിരുന്നാവായ മണപ്പുറത്ത് നിൽക്കുമ്പോൾ ആരോ പറഞ്ഞു: "വാടോ പോവാം........." അവൾ തിരിഞ്ഞു നടക്കുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു....ദൂരെ നിന്ന് അമ്മ അനുഗ്രഹിച്ചതാവാം... കാറിന്റെ ഗ്ലാസ്‌ താഴ്ത്തി മണലിലേക്ക് നോക്കിയപ്പോൾ അവൾ മാത്രം കണ്ടു തങ്ങളുടേത് കൂടാതെ മറ്റു രണ്ടു കാല്പാടുകൾ.......അതെ....അവൾക്കു കാവലായ് അമ്മ ഇപ്പോഴും കൂടെയുണ്ട്.....ഇപ്പോഴെന്നല്ല......എപ്പോഴും....!

Tuesday, August 6, 2013

അർപിത


നേരം ഒരുപാട് കഴിഞ്ഞിരുന്നെങ്കിലും ഉറക്കം വന്നില്ല.മനസ്സില് മുഴുവൻ അവളായിരുന്നു!അർപിത.......വിടർന്ന കണ്ണുകളും വാതോരാതെയുള്ള സംസാരവും അതാണ്‌ അവളിലേക്ക്‌ എല്ലാവരെയും അടുപിച്ചത്.എന്താണെന്നറിയില്ല അവളെ പരിചയപ്പെട്ടത് മുതലുള്ള ഓരോ നിമിഷവും ഒരു ചിത്രത്തിലേതെന്ന പോലെ മനസ്സിലൂടെ കടന്നു പോയ്‌കൊണ്ടിരുന്നു. അവളെ ആദ്യമായി കാണുന്നത് ഒരു വെള്ളിയാഴ്ചയാണ്.അന്നവൾ നിർത്താതെ പെയ്യുന്ന മഴയെക്കുറിച്ചും പെയ്യാൻ മറന്നു പോയ മഴയെക്കുറിച്ചും വാചാലയായി.അത് അവളുടെ അമ്മയുടെയും നഷ്ടപെട്ട അച്ഛന്റെയും സ്നേഹത്തെ ക്കുരിച്ചാണെന്നു മനസ്സിലാക്കുവാൻ അധികനാൾ വേണ്ടി വന്നില്ല.ഒരു കവിത പോലെ മനോഹരമായി സംസാരിക്കുന്ന അവളുടെ ഓരോ ഭാവത്തിലും നൂറു അർത്ഥങ്ങൾ വായിച്ചെടുക്കുവാൻ കഴിയും. ചിരിയും കളിയും കൊച്ചുപിണക്കങ്ങളും ഞങ്ങളുടെ സായാഹ്നങ്ങളുടെ ദൈർഘ്യം കുറച്ചു,ഉമ്മറങ്ങളും ഇടവഴികളും ബഹളമയമായി തീർന്നു.എന്നാൽ ദിശാബോധമില്ലാത്ത കാറ്റിനെ പോലെയായിരുന്നു അവന്റെ കടന്നു വരവ്.പിടിച്ചു നില്കാനാവാതെ അവളുടെ അമ്മയുടെ മനസ്സ് ആടിയുലഞ്ഞു.കാൻസർ വാർഡിലൂടെ വിറയാർന്ന കാലുകളുമായി അമ്മ അർപിതയുടെ കൂടെ കേറിയിറങ്ങി. പിന്നീടുള്ള ദിവസങ്ങള് പ്രതീക്ഷയുടെയും പ്രാർത്ഥനയുടേതും ആയിരുന്നു.രംഗബോധമില്ലാത്ത ആ കോമാളി പ്രവേഷിക്കരുതെ എന്ന് പറഞ്ഞു ആ അമ്മ കരയാത്ത ദിവസങ്ങളില്ലായിരുന്നു.അമ്മയെ ഏറെ കണ്ണീരിലാഴ്ത്തി കൊണ്ടാണ് അവളുടെ കാലു മുറിച്ചു മാറ്റാനുള്ള ഡോക്ടറുടെ വിധി വന്നത്.നീതി ബോധമില്ലാത്ത പരമധികാരിയെ പഴിക്കുവാൻ അമ്മയ്ക്ക് അപ്പോഴും മനസ്സ് വന്നില്ല. പിന്നെയും അർപിത കളിക്കാൻ വന്നു.തോളില്ലിരുത്തി പതിവുപോലെ അന്നും അമ്മ അവളെ ഉമ്മരതെതിചു.കളിക്കുന്നതിനിടയിൽ ഹരിത അറിയാതെ പറഞ്ഞു: "അപ്പ്വേച്ചി കാലൊന്നു മടക്കി വെക്കാവോ?" "അതിനു ചെചിക്കിപ്പോ പഴേ പോലെ കാലു മടക്കാൻ പറ്റില്ലല്ലോ മോളെ" അത് പറഞ്ഞു തീർക്കുമ്പോഴും അവൾ ചിരിക്കുകയായിരുന്നു. ബാക്കിയുള്ളവരുടെ കണ്ണുകളായിരുന്നു നിറഞ്ഞത്. ചിന്തകളിൽ നിന്ന് വഴുതിമാറി എപ്പോഴാണ് ഉറങ്ങിപോയതെന്നു അറിയില്ല!അലാറം ഓഫ്‌ ചെയ്യുന്നതിനിടെ ഫോണ്‍ swipe ചെയ്തപ്പോ കണ്ടു:"ന്യൂ കോണ്‍വർസേഷൻ".ഒരു മരവിപ്പാണ് തോന്നിയത്. പിന്നെ അമ്മ വന്നു വില്ലിച്ചു: "മോളെ......അർപിത...." മുഴുവനാക്കാൻ സമ്മതിക്കാതെ മൂളി: "ഉം..........." ഒരിക്കലും മുഴുവനാക്കുവാൻ ആഗ്രഹിക്കാതൊരു കഥയാണ് അവൾ!അർപിത ! ശേഷം.....സ്കുൾ ബസ്സിൽ കേറാൻ പോകുമ്പോ അപ്പുവിന്റെ അമ്മ കൈവീശി..... അപ്പോഴും ആ മഴ നിർത്താതെ പെയ്യുകയായിരുന്നു.............


Tuesday, April 16, 2013

ഭ്രാന്തി


                      "നിനക്കു ഭ്രാന്താണ്.നീ ഭ്രാന്തിയാണ്.........."
അയാളുടെ ആ വാക്കുകൾ മാത്രം അവളുടെ കാതുകളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.അതിനു ശേഷവും അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു!എന്നാൽ പുതിയൊരു കഥ അന്വേഷിച്ചു കൊണ്ടിരുന്ന അവളുടെ മനസ്സ് കേട്ട് മടുത്ത ആ പഴങ്കഥയ്ക്കു ചെവി കൊടുത്തില്ല.
അവൾ ഭ്രാന്തിനെ കുറിച്ച് ചിന്തിച്ചു!നൂല് പൊട്ടിയ പട്ടം പോലെ മനസ്സിന്റെ ആ ഒരു പോക്ക്!!!സ്വയം നിയന്ത്രിക്കാൻ കഴിയാതെയങ്ങനെ.............ഭ്രാന്തിയായി മുദ്രണം ചെയ്യപ്പെട്ടാൽ പിന്നെ സ്വാതത്ര്യമാണ്.പൊട്ടിച്ചിരിക്കാം,പൊട്ടിക്കരയാം,ആർത്തുല്ലസിച്ചു നടക്കാം,അത് വരെ ചങ്ങലയ്ക്കിട്ട സാമൂഹ്യ സദാചാരത്തെ നോക്കി കൊഞ്ഞനംകുത്താം....അങ്ങനെ...അങ്ങനെ...
സത്യം പറഞ്ഞാല ഭ്രാന്തി ആവുന്നതല്ലേ നല്ലത്..?അതെ അതാണവൾകിഷ്ടം!
ആകെയുള്ള ബന്ധുവും ബന്ധനവും ഈ ഒരു കഷ്ണം ചങ്ങല മാത്രം.ഉയർന്നു കൊണ്ടിരുന്ന അയാളുടെ സ്വരത്തിനൊത്തു ആ ഇരുമ്പഴികളുടെ കമ്പനവും കൂടി വന്നു.എങ്കിലും ഏറെ നേരമായി പ്രതീക്ഷിക്കുന്ന 'ആ ആൾ' മാത്രം ഇനിയും എത്തിയില്ല!അത്രയും സ്നേഹമുള്ളത് കൊണ്ടാവാം...അവൾ ഭ്രാന്തിയാണെന്ന് വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടാവാം....
എങ്കിലും.........
അഴികൾകിടയിലൂടെ പരതിയപ്പോൾ അവൾ കണ്ടു എല്ലാം മറന്നു പൊട്ടിച്ചിരിക്കുന്ന കുറെ മുഖങ്ങൾ!അന്വേഷണം അവസാനിച്ചിരിക്കുന്നു!
അടുത്ത കഥയിതാ ജന്മമെടുക്കാൻ പോവുന്നു....
അതെ!അവൾ ഭ്രാന്തിയാണ്!


മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....